Translate

Wednesday, October 10, 2018

Sunday, July 30, 2017

മിഴികൾ

മിഴികൾ,
ഈ മിഴികൾ;
ഇന്നെന്റെ ജിവന്റെ -
യാഴങ്ങൾ തേടുന്നീ മിഴികൾ,
ഇരുമിഴികൾ.
ഘനമൗനമായെന്നിൽ
സ്വപ്നങ്ങൾ നെയ്യുന്നീ
മിഴികൾ,
കരിമിഴികൾ.
കാലങ്ങൾ പൂവി -
ട്ടൊരോർമ്മകൾ പോലെന്നിൽ
നിഴലായ് നിലാവായ്
നിറയുന്നീ മിഴികൾ...
മിഴികൾ,
ഇരുമിഴികൾ. 

ഒരു വാക്കുമിണ്ടാതെ -
യൊരു നോക്കിനാലെന്നിൽ
താരാവസന്തങ്ങൾ 
തീർക്കുന്നീ മിഴികൾ.....
മിഴികൾ,
ഈ മിഴികൾ.

എന്നിൽ വിരിഞ്ഞോ-
രാകാശമതിൽ വിടരും
ചിറകായ് ചിരിയായ്
മഴയായീ മിഴികൾ,
മിഴികൾ,
ഈ മിഴികൾ. 

നാദങ്ങളിഴചേർന്ന
രാഗങ്ങളായി
ന്നെന്നിൽ നിന്നെന്നിലേ
ക്കൊഴുകുന്നീ മിഴികൾ,
മിഴികൾ!
ഈ മിഴികൾ.



Friday, October 16, 2015

Sunday, February 10, 2013

വീഞ്ഞ്

ഓ, മതിയാക്കൂ!
എനിക്കറിയാം
ഇതു പഴയതാണെന്ന് ,
പലര്‍ പാടി മടുത്തതാണെന്ന് .
അതുകൊണ്ടുതന്നെ പറയട്ടെ,
'ഇതു പഴയതാണ് '.
പഴകിനാറിയളിഞ്ഞുപുളിച്ച
മുന്തിരി.
ഓരോ ജീവതന്തുവും
ഞെരിച്ചമര്‍ത്തിപ്പിഴിഞ്ഞെടുത്തത് ,
ഒരു നിലവിളിയായി
നിങ്ങളിലലിഞ്ഞ് ,
നിങ്ങളെയുണര്‍ത്തി നിലനിര്‍ത്താന്‍;
നിങ്ങള്‍ക്കു ജീവന്‍ പകരുവാന്‍;
ഇതാ,
കുടിക്കുക.

നിങ്ങള്‍ക്കറിയാം
ഞാന്‍ പാടിയത്
വീഞ്ഞിനെപ്പറ്റിയല്ലെന്ന് .
ആ പാട്ട്
ഈ വീഞ്ഞിനെക്കാള്‍ പഴയതാണ്.
പലര്‍ പാടി മടുത്തത് !

എങ്കിലും;
പഴകുന്നതില്‍ വീര്യമുള്‍ക്കൊള്ളുന്ന
വീഞ്ഞിനെപ്പോലെ
ജീവനുയിര്‍ക്കൊണ്ട
സഹസ്രകോടി വര്‍ഷങ്ങളില്‍നിന്നെത്തി
ഇന്നതെന്നെ ദഹിപ്പിക്കുന്നു.
സിരകളിലലിഞ്ഞ്
ചുട്ടു പൊള്ളിക്കുന്നു
ഞാനിതാ എരിഞ്ഞുതീരുന്നു!

"സഹിക്കാന്‍ വയ്യാത്തതിതാണ് "
"ഏത് ?

വിരഹം?
വേദന?
സമീപ്യനഷ്ടം?"

"ഛെ, ഛെ; നിര്‍ത്തൂ!
വരികള്‍ക്കിടയില്‍ ചികയുന്ന
നായിന്റെ മോനെ,

'എനിക്കവളോടുള്ള സ്നേഹം !'

അതിത്രത്തോളം
എനിക്കു സഹിക്കാനാവില്ല."

Saturday, February 9, 2013

ഒരു വിപ്ളവം ജനിക്കുന്നു

രാജ്യദ്രോഹത്തിന്റെ വകുപ്പെന്താണ് ?
IPC മുന്നൂറ്റി......
നാനൂറ്റി........
നൂറ്റി.....?
അതോ അധികാരവെറിയുടെ
ദ്രുതവ്യാഖ്യാനങ്ങളിലെ അര്‍ത്ഥാന്തരങ്ങളൊ?  

അരങ്ങത്ത്
കറുത്ത കോട്ടിനുള്ളിലൊളിപ്പിച്ച തിളങ്ങുന്ന കത്തി!

പാപഭാരങ്ങളുടെ പുറമ്പോക്കില്‍
ഉദ്ബുദ്ധഭ്രാന്തക്ഷോഭം പൂണ്ട
ഒരു പക്ഷിയുടെ വിലാപം;
സമയചക്രങ്ങള്‍ പിന്നോട്ട്
തിരിക്കാന്‍ വെമ്പുന്ന കൈത്തലം;
പക്ഷെ, അവയെന്നോ മുറിഞ്ഞുപോയിരുന്നു.
നീര്‍പക്ഷിയുടെ മുറിവേറ്റ ആത്മാവിന്
കണ്ണുനീര്‍ തുള്ളിയെക്കൊണ്ട്
ഭൂതകാലത്തെ തിരുത്താനാകുന്നില്ല.  

സമയചക്രങ്ങളില്‍ വിസ്മരിക്കപ്പെടുന്നവന്
സ്വപ്നം കാണാനാവില്ലത്രേ!!

അവന്റെ ഭാഗഥേയം

മീശമേലിരിക്കുന്ന, 
ചുവന്ന അട്ടിയിട്ട -
ആ വലിയ പുസ്തകം നിര്‍വ്വചിക്കും പോലും....

മൂടിനിന്ന ആകാശത്തിനു കീഴെ
കറുത്തകോട്ടിലെ ആ കത്തി
പക്ഷിയുടെ കണ്ഠനാളത്തിലെ
വിലാപങ്ങളറുക്കുന്നു.
സ്വരതന്ത്രികളില്‍ ചോരപൊടിയുമ്പോഴും
അഭിമാനം ദയക്കായി യാചിച്ചില്ലെന്ന്
സാക്ഷിമൊഴി!

 'അവന്‍
ഇന്നലെവരെ കണ്ടവനല്ലെന്നും
ഇനി അങ്ങനെയായിരിക്കയില്ലെ'ന്നും വിധിച്ച്
നാട് ഉച്ചയുറക്കതിലാണ്ടു .

അന്നെല്ലാവരും
അക്ഷരങ്ങളെ സ്വപ്നം കണ്ടു;
"ഇന്ന് ഞാന്‍
നാളെ നീ"!!
ഞെട്ടിയുണര്‍ന്ന് ഭീതിയെപ്പേടിച്ച്
അവര്‍ ജനവാതിലുകള്‍ കൊട്ടിയടച്ചു.

'Do Not Disturb' ബോര്‍ഡ് തൂക്കി

മനസുകളും തഴുതിട്ടു.


Wednesday, September 21, 2011

അസ്ത ല വിക്ടറിയോ സിയെംപ്രേ!!!

അസ്ത ല വിക്ടോറിയോ സിയെംപ്രേ!!!
(അവസാന വിജയം വരെ!!!)
അങ്ങനെയാണ്
അവളെ പരിചയപ്പെടാന്‍ തീരുനാമിച്ചത്. 

അസ്ത ല വിക്ടോറിയോ സിയെംപ്രേ!!!
അങ്ങനെയാണ് 
എരികടലിലും ശരവര്‍ഷത്തിലുമെങ്കിലും 
അവളെ വിവാഹംകഴിക്കാന്‍ തീരുമാനിച്ചത്. 


അസ്ത ല വിക്ടോറിയോ സിയെംപ്രേ!!!
 അങ്ങനെയാണ് 
ഞങ്ങള്‍ സൃഷ്ടി നടത്താന്‍ തീരുമാനിച്ചത്. 


അസ്ത ല വിക്ടോറിയോ സിയെംപ്രേ!!!
 അങ്ങനെയാണ് 
എന്‍റെ സ്വത്വം ഞാനെന്നും 
അതെന്‍റെതുമാത്രമെന്നും 
അവളുടേത്‌ ഞാനുമുള്‍പ്പെട്ടതെന്നുമറിഞ്ഞത്.
സമയചക്ക്രങ്ങളില്‍ 
മടുപ്പ് ചൂഴ്ന്നു നിലക്കുമാകാശങ്ങളെക്കീറി 
അതിനുമപ്പുറത്തെക്ക് ഞാന്‍ തലയിട്ടത്, 
അവളുടെ നൃത്തം 
എന്‍റെ മൃദംഗതാളങ്ങള്‍ക്കുമപ്പുറംപോയത്. 


അസ്ത ല വിക്ടോറിയോ സിയെംപ്രേ!!!
 കറുത്ത കോട്ടുകളുടെ ഈ മുറിയില്‍ 
മുദ്രാവാക്യങ്ങള്‍  പാടുള്ളതല്ല
എങ്കിലും ഈ യുദ്ധം ജയിക്കാനുല്ലതാണ്.
ഇതാ ഇവിടെ; 
ഈ വലതുതാഴെക്കോണില്‍ 
ഇവിടെയാണവളുടെ വിരലടയാളം വേണ്ടത്. 
വിരലൊടിച്ചെടുത്തും 
ഞാനതു പതിപ്പിക്കും!!
അസ്ത ല വിക്ടോറിയോ സിയെംപ്രേ!!!

'അപ്പോള്‍ നീ കീറിയ കുഞ്ഞു വായോ?'

'വ്യാകുലപ്പെടെണ്ടതില്ല  
ഞാന്‍ അവനെ പഠിപ്പിച്ചിട്ടുണ്ട് , 

"അസ്ത ല വിക്ടറിയോ സിയെംപ്രേ!!!"'