Translate

Saturday, February 9, 2013

ഒരു വിപ്ളവം ജനിക്കുന്നു

രാജ്യദ്രോഹത്തിന്റെ വകുപ്പെന്താണ് ?
IPC മുന്നൂറ്റി......
നാനൂറ്റി........
നൂറ്റി.....?
അതോ അധികാരവെറിയുടെ
ദ്രുതവ്യാഖ്യാനങ്ങളിലെ അര്‍ത്ഥാന്തരങ്ങളൊ?  

അരങ്ങത്ത്
കറുത്ത കോട്ടിനുള്ളിലൊളിപ്പിച്ച തിളങ്ങുന്ന കത്തി!

പാപഭാരങ്ങളുടെ പുറമ്പോക്കില്‍
ഉദ്ബുദ്ധഭ്രാന്തക്ഷോഭം പൂണ്ട
ഒരു പക്ഷിയുടെ വിലാപം;
സമയചക്രങ്ങള്‍ പിന്നോട്ട്
തിരിക്കാന്‍ വെമ്പുന്ന കൈത്തലം;
പക്ഷെ, അവയെന്നോ മുറിഞ്ഞുപോയിരുന്നു.
നീര്‍പക്ഷിയുടെ മുറിവേറ്റ ആത്മാവിന്
കണ്ണുനീര്‍ തുള്ളിയെക്കൊണ്ട്
ഭൂതകാലത്തെ തിരുത്താനാകുന്നില്ല.  

സമയചക്രങ്ങളില്‍ വിസ്മരിക്കപ്പെടുന്നവന്
സ്വപ്നം കാണാനാവില്ലത്രേ!!

അവന്റെ ഭാഗഥേയം

മീശമേലിരിക്കുന്ന, 
ചുവന്ന അട്ടിയിട്ട -
ആ വലിയ പുസ്തകം നിര്‍വ്വചിക്കും പോലും....

മൂടിനിന്ന ആകാശത്തിനു കീഴെ
കറുത്തകോട്ടിലെ ആ കത്തി
പക്ഷിയുടെ കണ്ഠനാളത്തിലെ
വിലാപങ്ങളറുക്കുന്നു.
സ്വരതന്ത്രികളില്‍ ചോരപൊടിയുമ്പോഴും
അഭിമാനം ദയക്കായി യാചിച്ചില്ലെന്ന്
സാക്ഷിമൊഴി!

 'അവന്‍
ഇന്നലെവരെ കണ്ടവനല്ലെന്നും
ഇനി അങ്ങനെയായിരിക്കയില്ലെ'ന്നും വിധിച്ച്
നാട് ഉച്ചയുറക്കതിലാണ്ടു .

അന്നെല്ലാവരും
അക്ഷരങ്ങളെ സ്വപ്നം കണ്ടു;
"ഇന്ന് ഞാന്‍
നാളെ നീ"!!
ഞെട്ടിയുണര്‍ന്ന് ഭീതിയെപ്പേടിച്ച്
അവര്‍ ജനവാതിലുകള്‍ കൊട്ടിയടച്ചു.

'Do Not Disturb' ബോര്‍ഡ് തൂക്കി

മനസുകളും തഴുതിട്ടു.

സ്വനനഗരങ്ങളില്‍നിന്ന് ഒരാരവം!

താടിവച്ച വെളിപാടുകള്‍

തെരുവില്‍ ഭ്രാന്തഘോഷമായലയുന്നു,
അവര്‍ക്കാ താഴുകളെ തച്ചുടക്കാതെവയ്യ!

എന്തെന്നാല്‍

വാക്കുകള്‍ മുറിഞ്ഞുപോയ
പക്ഷിയുടെ വിലാപങ്ങള്‍
അവരെ മാത്രം തേടിയെത്തുന്നു.
താടി പറിച്ച് അവര്‍
പന്തം കൊളുത്തുന്നു.
ഒന്നില്‍ നിന്ന് നൂറും,
നൂറില്‍ നിന്നായിരവും,
ലക്ഷങ്ങളും
പിന്നെ അതിനുമപ്പുറത്തേക്കും.

No comments: