Translate

Sunday, February 10, 2013

വീഞ്ഞ്

ഓ, മതിയാക്കൂ!
എനിക്കറിയാം
ഇതു പഴയതാണെന്ന് ,
പലര്‍ പാടി മടുത്തതാണെന്ന് .
അതുകൊണ്ടുതന്നെ പറയട്ടെ,
'ഇതു പഴയതാണ് '.
പഴകിനാറിയളിഞ്ഞുപുളിച്ച
മുന്തിരി.
ഓരോ ജീവതന്തുവും
ഞെരിച്ചമര്‍ത്തിപ്പിഴിഞ്ഞെടുത്തത് ,
ഒരു നിലവിളിയായി
നിങ്ങളിലലിഞ്ഞ് ,
നിങ്ങളെയുണര്‍ത്തി നിലനിര്‍ത്താന്‍;
നിങ്ങള്‍ക്കു ജീവന്‍ പകരുവാന്‍;
ഇതാ,
കുടിക്കുക.

നിങ്ങള്‍ക്കറിയാം
ഞാന്‍ പാടിയത്
വീഞ്ഞിനെപ്പറ്റിയല്ലെന്ന് .
ആ പാട്ട്
ഈ വീഞ്ഞിനെക്കാള്‍ പഴയതാണ്.
പലര്‍ പാടി മടുത്തത് !

എങ്കിലും;
പഴകുന്നതില്‍ വീര്യമുള്‍ക്കൊള്ളുന്ന
വീഞ്ഞിനെപ്പോലെ
ജീവനുയിര്‍ക്കൊണ്ട
സഹസ്രകോടി വര്‍ഷങ്ങളില്‍നിന്നെത്തി
ഇന്നതെന്നെ ദഹിപ്പിക്കുന്നു.
സിരകളിലലിഞ്ഞ്
ചുട്ടു പൊള്ളിക്കുന്നു
ഞാനിതാ എരിഞ്ഞുതീരുന്നു!

"സഹിക്കാന്‍ വയ്യാത്തതിതാണ് "
"ഏത് ?

വിരഹം?
വേദന?
സമീപ്യനഷ്ടം?"

"ഛെ, ഛെ; നിര്‍ത്തൂ!
വരികള്‍ക്കിടയില്‍ ചികയുന്ന
നായിന്റെ മോനെ,

'എനിക്കവളോടുള്ള സ്നേഹം !'

അതിത്രത്തോളം
എനിക്കു സഹിക്കാനാവില്ല."

No comments: